കോട്ടയം: യുഡിഎഫിന് ആവേശം പകര്‍ന്ന് ജില്ലയില്‍ വിസ്മയമാകാന് പുതുയുഗയാത്ര ഇന്നെത്തുന്നു. പുതുകേരളത്തിനായി എന്ന മുദ്രവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര ഇന്നും നാളെയുമായി ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
ഒമ്പത് സ്വീകരണ കേന്ദ്രങ്ങളിലും വന്‍ സ്വീകരണമാണ് യുഡിഎഫ് ജില്ലാ നേതൃത്വം ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നു രാവിലെ 9.30ന് പാലായിലാണ് ആദ്യ സ്വീകരണം.
പാലാ ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യാപ്റ്റനെയും യാത്രാ അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനത്തേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്നാണ് സമ്മേളനം. 10.30ന് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലും 11.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്കുന്നത്തുമാണ് സ്വീകരണം.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരിയിലും നാലിനു പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലും സ്വീകരണം നല്‍കും. വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്താണ് ആദ്യദിവസത്തെ യാത്രയുടെ സമാപനം. കോട്ടയം ചന്തക്കവലയില്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. വിവിധ പൊതുയോഗങ്ങളില്‍ യുഡിഎഫ് നേതാക്കളായ സണ്ണി ജോസഫ്, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, പി.എം.എ. സലാം, ഷാനിമോള്‍ ഉസ്മാന്, എ.എന്‍. രാജന് ബാബു, ജോസ്മോന് മുണ്ടയ്ക്കൽ, പ്രസന്നകുമാര്‍, ഡോ. മാര്ട്ടിന്, ബിജു വാലടി തുടങ്ങിയവര്‍ പ്രസംഗിക്കും. നാളെ ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളില്‍ സ്വീകരണം നല്‍കും. പുതുയുഗയാത്ര എത്തുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് വിളംബരറാലി നടത്തിയിരുന്നു.
പുതുയുഗയാത്ര ഇന്ന്
പാലാ പുഴക്കര മൈതാനം - രാവിലെ 9.30ന്
ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷന് - രാവിലെ 10.30ന്
പൊന്‍കുന്നം രാജേന്ദ് മൈതാനം - 11.30ന്
ചങ്ങനാശേരി ബസ് സ്റ്റാന്‍ഡ് മൈതാനം - ഉച്ചകഴിഞ്ഞ് മൂന്നിന്
പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനം - വൈകുന്നേരം നാലിന്
കോട്ടയം തിരുനക്കര മൈതാനം - വൈകുന്നേരം അഞ്ചിന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിസ്മയം തീര്‍ക്കുന്ന യുഡിഎഫ് വിജയത്തിന്റെ വിളംബരമായിരിക്കും പുതുയുഗ യാത്രയുടെ ജില്ലയിലെ സ്വീകരണം. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഉജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്റെ ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരണസമ്മേളനത്തിൽ തുടക്കം കുറിക്കും.
നാട്ടകം സുരേഷ്
ഡിസിസി പ്രസിഡന്റ്
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാവേശത്തിന്റെ തുടര്‍ച്ചയാണ് പുതുയുഗ യാത്രയുടെ ജില്ലയിലെ സ്വീകരണം. വലിയ മുന്നൊരുക്കങ്ങളാണ് ജാഥയെ സ്വീകരിക്കാന്‍ യുഡിഎഫ് താഴേത്തട്ടുമുതല്‍ നടത്തിയത്. ഒരു സ്വീകരണ കേന്ദ്രത്തില്‍ ഇരുപതിനായിരത്തോളം ആളുകളെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമാണ് ജാഥയും സ്വീകരണ സമ്മേളനങ്ങളും.
ഫില്‍സണ്‍ മാത്യൂസ്
യുഡിഎഫ് ജില്ലാ കണ്‍വീനര്‍